പാനിപൂരി സൗജന്യമായി നല്‍കിയില്ല; ഗുണ്ടാസംഘം വഴിയോരക്കച്ചവടക്കാരനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ പാനിപൂരി സൗജന്യമായി നല്‍കാത്തതിന് ഗുണ്ടാസംഘം വഴിയോരക്കച്ചവടക്കാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി പ്രേം ചന്ദ്രയാണ് കൊല്ലപ്പെട്ടത്. കാണ്‍പൂരിലെ ചകേരി ഏരിയയില്‍ ഞായറാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

പ്രേമിനെ തടഞ്ഞുനിറുത്തിയ ഗുണ്ടാസംഘം സൗജന്യമായി പാനിപൂരി ആവശ്യപ്പെട്ടു. പ്രേം സംഘത്തിന്റെ ആവശ്യം നിരസിച്ചതോടെ പ്രതികള്‍ അസഭ്യം വിളിക്കാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. മര്‍ദ്ദനം രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെട്ട് പ്രേമിനെ രക്ഷിക്കുകയായിരുന്നു. പിന്നാലെ വീട്ടിലേക്ക് പോയ പ്രേമിന് രാത്രിയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രേമിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.