ജെയ്റ്റിലിക്കും സുഷമയ്ക്കും മരണാനന്തരബഹുമതിയായി പത്മവിഭൂഷണ്‍, മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍

റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്ദര ബഹുമതിയായി പത്മവിഭൂഷണ്‍. അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി ആദരിക്കും.
ബോക്സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.

രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.

കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്.