കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ വിമാന ഇടപാട്; പി.ചിദംബരത്തിന് സമൻസ്

യു.പി‌.എ ഭരണകാലത്ത് എയർ ഇന്ത്യയ്‌ക്കായി വിമാന ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ കോൺഗ്രസിന്റെ പി.ചിദംബരത്തിന് അന്വേഷണ ഏജൻസി വെള്ളിയാഴ്ച സമൻസ് അയച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് സമൻസ് അയച്ചത്. ഓഗസ്റ്റ് 23- നാണ് ചോദ്യം ചെയ്യൽ.

ഒരു ദശകത്തിന് മുമ്പ് ഉണ്ടാക്കിയ ഈ കരാർ, എയർ ഇന്ത്യക്ക് വളരെയധികം നഷ്ടം വരുത്തിവെച്ചതായി പറയപ്പെടുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാർ ഇടപാടിനുള്ള തടസ്സങ്ങൾ നീക്കി എന്ന അന്നത്തെ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിന്റെ വാദത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ.

എയർബസിൽ നിന്ന് 48 വിമാനങ്ങളും ബോയിംഗിൽ നിന്ന് 68 വിമാനങ്ങളും 70,000 കോടി രൂപയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. 2017 മെയ് മാസത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മൂന്ന് കേസുകളും, ഒരു പ്രാഥമിക അന്വേഷണവും രജിസ്റ്റർ ചെയ്തിരുന്നു.