'സത്യം അറിയാന്‍' ഇന്ത്യയുടെ 21 പ്രതിനിധികള്‍ മണിപ്പൂരില്‍; രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കുക്കി ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകും; മെയ്‌തേയി വിഭാഗത്തേയും കാണും; കേരള എംപിമാരും സംഘത്തില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ 21 പ്രതിനിധികള്‍ മണിപ്പുര്‍ സന്ദര്‍ശിക്കും. മൂന്നുമാസമായി മണിപ്പൂരില്‍ വംശീയ കലാപം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പ്രതിനിധികളുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം. ഇന്ത്യ മുന്നണിയുടെ എംപിമാരാണ് മണിപ്പൂരിലെ സ്ഥിതിവിവരങ്ങള്‍ നേരിട്ടറിയാന്‍ സംസ്ഥാനത്തേക്ക് തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആധിര്‍ രഞ്ജന്‍ ചൗധരിയും ഗൗരവ് ഗോഗോയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുസ്മിത ദേവും ഡിഎംകെയുടെ കനിമൊഴിയും പ്രതിനിധി സംഘത്തിലുണ്ട്.

ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝായും ജെഡിയുവിന്റെ രാജീവ് രഞ്ജന്‍ സിങ് എന്നിങ്ങനെ പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ പ്രതിനിധി സംഘത്തില്‍ ഉണ്ട്.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളും മണിപ്പൂര്‍ പ്രതിനിധി സംഘത്തിലുണ്ട്. കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ എം പി,സിപിഎമ്മിന്റെ എ എ റഹീം എംപി , സിപിഐയുടെ പി സന്തോഷ് കുമാര്‍ എംപി എന്നിവര്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ എത്തുന്ന സംഘം കുക്കി ഗോത്രവിഭാഗക്കാരുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ അടങ്ങുന്ന ചുരാചന്ദ്പുര്‍ മേഖലയിലാണ് ആദ്യം പോവുക. കുക്കി ഗോത്ര നേതാക്കളെയും വനിതകളുടെ സംഘത്തെയും പ്രതിപക്ഷ എംപിമാരുടെ സംഘം സന്ദര്‍ശിക്കും. മെയ്‌തേയി വിഭാഗത്തിന്റെ നേതാക്കളേയും ദുരിതമനുഭവിക്കുന്ന ആളുകളേയും സന്ദര്‍ശിക്കും.

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. വിഷയം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണു മണിപ്പുരിലേക്കു പോകാന്‍ തീരുമാനിച്ചതെന്നു പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയതിനെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയം അംഗീകരിക്കാന്‍ നിര്‍ബന്ധിതനായെങ്കിലും വോട്ടെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ല.

നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി കലാപ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ജൂണ്‍ 29, 30 തീയതികളിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പുരിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.