കുട്ടികള്‍ക്ക് എതിരെ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമം; 14 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സി.ബി.ഐ

കുട്ടികള്‍ക്ക് എതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളിലാണ് നവംബര്‍ 14ന് റെയ്ഡ് നടന്നത്.

ആന്ധ്രപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഒഡിഷ, തമിഴ്നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 77 കേന്ദ്രങ്ങളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 83 പേരെയാണ് കേസുകളില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സെല്‍ഫോണുകളും ലാപ്ടോപ്പുകളും ഇതുവരെ പരിശോധനയില്‍ കണ്ടെടുത്തതായും സിബിഐ പറഞ്ഞു.

ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 5,000 കുറ്റവാളികള്‍ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ പറഞ്ഞു. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.

ഓണ്‍ലൈനിൽ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, സി.ബി.ഐ അടുത്തിടെ ഓണ്‍ലൈന്‍ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് ആന്‍ഡ് എക്പ്ലോയിറ്റേഷന്‍ പ്രിവന്‍ഷന്‍/ ഇന്‍വെസ്റ്റിഗേഷന്‍ (ഒ.സി.എസ്.എ.ഇ) എന്ന പേരില്‍ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിച്ചു. ഇത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയും അന്താരാഷ്ട്ര റാക്കറ്റുകളെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും സിബിഐ പറഞ്ഞു.