'വാക്‌സിന്‍ നയം വിവേചനപരം, തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമാന നയം കൈക്കൊള്ളും'; ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ

രാജ്യത്തു നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റൈനില്‍ കഴിയണം എന്നതടക്കമുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ യു.കെയിൽ നിന്ന് വാക്സിനെടുത്തവർക്ക് ഇന്ത്യയും സമാന നിബന്ധന ഏർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ബ്രിട്ടന്റെ പുതിയ തീരുമാനത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ നേരിട്ട് അതൃപ്തി അറിയിച്ചതായും വിദേശകാര്യവകുപ്പ് സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്ല പറഞ്ഞു. ബ്രിട്ടന്റെ നയം ഇന്ത്യന്‍ പൗരന്മാരായ യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ച് ദശലക്ഷം ഡോസ് വാക്സിൻ യു.കെയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യ നൽകിയിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്. കോവിഷീൽഡിന് അംഗീകാരം നൽകാത്തത് തീർത്തും വിവേചനപരമാണ്. യു.കെ അധികൃതർക്ക് മുന്നിൽ വിഷയം ഉയർത്തിയിട്ടുണ്ട്. വിഷയം എത്രയും വേഗം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യക്ക്​ പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുർക്കി, ജോർഡൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും യു.കെയിൽ 10 ദിവസം ക്വാറന്‍റൈൻ ബാധകമാണ്​. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ്​ എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്​സിൻ​ എടുക്കാത്തവരായി കണക്കാക്കും.

ഇത്തരക്കാർ ബ്രിട്ടനിലേക്ക്​ പോകുന്നതിന്​ മുമ്പായി ​കോവിഡ്​ പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന്​ മുമ്പ്​ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം. യു.കെയിലെത്തിയാൽ 10 ദിവസം ക്വാറൻറൈനിലിരിക്കണം. ഇതിനിടയിൽ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനു ശേഷമോ കോവിഡ്​ ടെസ്റ്റ്​ നടത്തണം. ഇതിനായി​ യു.കെയിലേക്ക്​ വരുന്നതിനു മുമ്പു തന്നെ ബുക്ക്​ ചെയ്​ത്​ പണമടച്ചിരിക്കണം.