ഇത് എന്ത് പരിപാടി, കാശ്മീരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നല്‍കുന്നു; പാകിസ്ഥാന് ഐഎംഎഫ് സഹായം നല്‍കിയതിനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല

ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് അന്താരാഷ്ടട്ര നാണ്യനിധി പാകിസ്താന് 100 കോടി ഡോളര്‍ അനുവദിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീരിനെ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്ക് ചെലവഴിച്ച പണം തിരിച്ചുനല്‍കുകയാണ് ഐഎംഎഫ് ചെയ്തതെന്ന് അദേഹം ആരോപിച്ചു.

ലോക രാജ്യങ്ങള്‍ സമാധാനാഹ്വാനം നടത്തുമ്പോള്‍, ഐഎംഎഫ് അതിനെ തകര്‍ക്കാന്‍ ്രശമിക്കുകയാണ്. ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഐഎംഎഫ് ഫണ്ട് അനുവദിക്കുന്നതോടെ സംഘര്‍ഷം വീണ്ടും രൂക്ഷമാകും. പൂഞ്ച്, രജൗറി, ഉറി, താങ്ധര്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്ക് ചെലവഴിച്ച പണം തിരിച്ചുനല്‍കുകയാണ് ഐഎംഎഫ് ചെയ്തതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു.

കഴിഞ്ഞ രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കിയത്.
അതേസമയം വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ അവകാശവാദത്തില്‍ ഐഎംഎഫ് പ്രതികരിച്ചിട്ടില്ല.

700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാകിസ്താന്‍ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളര്‍ അനുവദിച്ചത്. ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്താന്‍ അപേക്ഷിച്ചിരുന്നു. ഇവ രണ്ടുവര്‍ഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു. അപേക്ഷയില്‍ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത് മറികടന്നാണ് പണം അനുവദിച്ചിരിക്കുന്നത്.

പാകിസ്താന് വായ്പ അനുവദിച്ചാല്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. മുന്‍കാലങ്ങളിലും പാകിസ്താന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ ഐഎംഎഫ് വോട്ടെടുപ്പ് നടത്തി.

Read more

എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടെടുത്ത് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.അതിര്‍ത്തി കടന്നുള്ള ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന പാകിസ്താന് തുടര്‍ച്ചയായി തുക അനുവദിക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുമെന്നും ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.