ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാനു വേണ്ടി എന്‍.ഡി.എ റാലിയില്‍ കണ്ണീരൊഴുക്കി മോദിയും നിതീഷ് കുമാറും, മൃതശരീരം ഏറ്റു വാങ്ങാന്‍ പ്രോട്ടോകോള്‍ ഉണ്ടായിട്ടും മന്ത്രിമാരെ അയച്ചില്ലെന്ന് ബന്ധുക്കള്‍

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാനെ കുറിച്ച് എന്‍ ഡി എ റാലിയില്‍ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കണ്ണീര്‍ വാര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എയര്‍പോര്‍ട്ടില്‍ മന്ത്രിമാരെ അയച്ചില്ല.  ബിജെപി-ജെഡിയു സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും എയര്‍പോര്‍ട്ടില്‍ മൃതദേഹം ഏറ്റവാങ്ങാന്‍ എത്താത്തതില്‍ ജവാന്റെ കുടുംബം പ്രതിഷേധം രേഖപ്പെടുത്തി.

കശ്മീരിലെ കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണഅ സി ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ പിന്റു കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. പിന്നീട് സംസ്ഥാനത്ത് മോദി പങ്കെടുത്ത എന്‍ ഡി എ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ജവാന്‍മാരുടെ ജീവത്യാഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിമാനത്താവളത്തില്‍ പിന്റു കുമാറിന്റെ മൃതശരീരം കൊണ്ടു വന്നപ്പോള്‍ ബിഹാര്‍ ഭരിക്കുന്ന ബിജെപി-ജെഡിയു സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രി പോലും ഏറ്റുവാങ്ങാന്‍ എത്തിയില്ല.

ഒടുവില്‍ പട്‌ന ഡി എം , എസ് എസ് പിയും മാത്രമാണ് എത്തിയത്. എയര്‍പ്പോര്‍ട്ടില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ ഏക രാഷ്ട്രീയ പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഛാ മാത്രമാണ്. പ്രോട്ടോകോള്‍ അനുസരിച്ച് മന്ത്രിമാര്‍ ആരൈങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്റുവിന് അര്‍ഹിക്കുന്ന ബഹുമതി എന്‍ഡിഎ നല്‍കിയില്ലെന്ന് അമ്മാവന്‍ സഞ്ചയ് കുമാര്‍ കുറ്റപ്പെടുത്തി.