ബിഹാര്‍ രാഷ്ട്രീയത്തില്‍ യുഗാന്ത്യം കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച അവസാനത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ലോക്ഭവനിലെത്തി ജെഡിയു നേതാവ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാരിന് പൂര്‍ണ സഹകരണവും ഉറപ്പുനല്‍കി. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും.
ചൊവ്വാഴ്ച വൈകീട്ട് എന്‍ഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി ബിജെപി ബിഹാറിലെ മുഖ്യമന്ത്രി കസേരയിലേക്കെത്തുകയാണ്
ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടി നിതീഷ് കുമാര്‍ യുഗം അവസാനിച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിന്ന് രാജിവച്ചു മാര്‍ച്ച് അവസാനം രാജിവെച്ചിരുന്നു. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിനു ശേഷമായിരുന്നു നിതീഷ് കുമാറിന്റെ രാജി.
ഒബിസി വിഭാഗത്തില്‍നിന്നുള്ള സാമ്രാട്ട് ചൗധരി ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതിനിടെ, ബിജെപി നേതാക്കളായ നിത്യാനന്ദ് റായ്, രേണു ദേവി തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. ജെഡിയു നേതാവും നിതീഷ് കുമാറിന്റെ മകനുമായ നിഷാന്ത് കുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. തുടര്‍ന്നാണ് എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം കുറിച്ച് സാമ്രാട്ട് ചൗധരിയെ പുതിയ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്.
നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് 2025ലെ തിരഞ്ഞെടുപ്പില്‍ ജെഡിയുവും എന്‍ഡിഎയും പോരാടിയത്. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിതീഷ് കുമാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നെല്ലാം ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഝാ പറയുന്നുണ്ട്. മുഖ്യമന്ത്രി അല്ലെങ്കിലും നിതീഷ് കുമാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബിഹാറില്‍ മാത്രമായിരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മാത്രമായിരിക്കും അദ്ദേഹം ഡല്‍ഹിയില്‍ പോവുകയെന്നും സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു.
Read more
ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമാണ് ആര്‍ജെഡി വര്‍ക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് ആരോപിച്ചത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും പ്രതിപക്ഷത്തുള്ള തേജസ്വി പറഞ്ഞിരുന്നു. ഒന്നിച്ച് ജെഡിയുവും ആര്‍ജെഡിയും ഭരിച്ചപ്പോള്‍ നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി.







