നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെയ്ക്കണം; സോണിയയും മമതയും പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു; തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം

ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. പ്രതിപക്ഷ ഐക്യമെന്ന നിലയിലാണ് ഇരു നേതാക്കളും ഈ സാഹചര്യത്തെ ഉപയോഗിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയാണ് മമത പ്രധാനമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയത്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ സോണിയാ ഗാന്ധി തേടിയതിന് പിന്നാലെയാണ് മമതയും പരീക്ഷക്കെതിരെ രംഗത്തെത്തിയത്.

മമതക്കും കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിൽ പങ്കെടുക്കും. നീറ്റ്, ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തിന്റെ ഫെഡറൽ ഘടന സംരക്ഷിക്കുക എന്ന ആവശ്യവും യോഗത്തിന്റെ അജണ്ടയാണ്.

നാളെ നടക്കുന്ന ജി എസ് ടി കൗൺസിൽ യോഗത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വിഷയവും ചർച്ചയാകും. പ്രധാന പ്രശ്നങ്ങളിലെല്ലാം പ്രതിപക്ഷ കക്ഷികൾ ഭിന്ന നിലപാടുകളുമായി പല വഴിയിലുള്ളപ്പോളാണ് യോഗമെന്നത് പ്രസക്തമാണ്. പ്രതിപക്ഷ ഐക്യമില്ലാതിരുന്നതു കൊണ്ടാണ് രാജ്യസഭയിൽ വിവാദ ബില്ലുകൾ പാസാക്കിയെടുക്കാൻ മോദി സർക്കാരിന് കഴിഞ്ഞത്.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കാതെ സെപ്റ്റംബർ ആദ്യവാരം തന്നെ നടത്തുക എന്നത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും താത്പര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ജെഇഇ പരീക്ഷയ്ക്കുള്ള 80 ശതമാനം വിദ്യാർത്ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതായി മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പ്രത്യേകിച്ച് മദ്ധ്യ വർഗക്കാരെ ആശങ്കയിലാക്കുന്ന പ്രശ്നം ബിജെപിക്കെതിരെ ഉപയോഗിക്കാനാണ് മമതയുടെ നീക്കം. പ്രതിപക്ഷ കക്ഷി നേതാക്കളിലുള്ള സോണിയ ഗാന്ധിയുടെ സ്വാധീനവും പശ്ചിമ ബംഗാളിലെ തൃണമൂലും കോൺഗ്രസ്സും തമ്മിലുള്ള പോരിനിടയിലും മമതയും സോണിയയും തമ്മിൽ നല്ല ബന്ധം തുടരുന്നതുമാണ് പുതിയ നീക്കം കാണിക്കുന്നത്.