ചന്ദ്രയാന്‍ 2; ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് നാസ

ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂര്‍ണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം.

“ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു”, നാസയുടെ ട്വീറ്റില്‍ പറയുന്നു.”നാസ ട്വീറ്റ് ചെയ്തു.

ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം.ജൂലൈ 22-ന് ഉച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാന്‍ രണ്ട് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകമായി വിക്ഷേപിക്കുന്നത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചായിരുന്നു വിക്ഷേപണം.

സെപ്റ്റംബര്‍ 7 ശനിയാഴ്ച പുലര്‍ച്ചെ 1.30 നും 2.30നും ഇടയിലായി ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍. ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഐ.എസ്.ആര്‍.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളും ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയിരുന്നു.

എന്നാല്‍ എല്ലാ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ട് സോഫ്റ്റ് ലാന്‍ഡിങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു.ഇത് ചരിത്രനിമിഷം കാത്തുനിന്ന ഇന്ത്യന്‍ ജനതയെ നിരാശയിലാഴ്ത്തി.

ചന്ദ്ര ഉപരിതലത്തില് നിന്ന് വെറും 2.1 കിലോ മീറ്റര്‍ മാത്രം അകലത്തില്‍ നില്‌ക്കെ ദക്ഷിണദ്രുവം സ്പര്ശിക്കാന് 13 മിനിറ്റുകള്‍ക്ക് മാത്രം മുന്‍പ് വിക്രം ലാന്ററുമായുള്ള ബന്ധം ഐഎസ് ആര്‍ഒക്ക് നഷ്ടപ്പെടുകയായിരുന്നു