മുത്തൂറ്റ് ഫിനാൻസ് കവർ‍ച്ച: ആറു പേർ ഹൈദരാബാദിൽ അറസ്റ്റിൽ, മോഷണമുതലും ആയുധങ്ങളും പിടിച്ചെടുത്തു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേരെ അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു.

പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണമുതലും കണ്ടെടുത്തയാണ് വിവരം.  ആയുധങ്ങളും പിടിച്ചെടുത്തെന്നും പൊലീസ്  അറിയിച്ചു. 3 മണിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു  കൊള്ള നടന്നത്. ഭഗല്‍പൂര്‍ റോഡിലെ ബ്രാഞ്ചില്‍ ഒമ്പതരയോടെ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു താഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജരില്‍ നിന്നു താക്കോലുകള്‍ കൈക്കലാക്കി.

കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയും ചെയ്തു. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോഡറും എടുത്താണ് കവര്‍ച്ചാസംഘം കടന്നത്.