വിവാഹ ദിവസം മുതൽ മർദ്ദനം, ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് തല്ലി, കേൾവിശക്തി നഷ്ട്ടപ്പെടുത്തി; മോട്ടിവേഷണൽ സ്പീക്കർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്

മോട്ടിവേഷണല്‍ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡന കേസ്. വിവാഹം നടന്ന് എട്ടാം നാൾ വിവേക് ബിന്ദ്രക്കെതിരെ ഭാര്യയുടെ സഹോദരൻ നൽകിയ പരാതിയിൽ നോയിഡ പോലീസ് കേസെടുത്തു. ഭാര്യ യാനികയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചുവെന്നും കേൾവിശകത്തി യാനികയുടെ കേൾവിശക്തി നഷ്ടമായെന്നും പരാതിയിൽ പറയുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിനാളുകള്‍ പിന്തുടരുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് വിവേക്.

വിവേക് ​​ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 6നാണ് നടന്നത്. വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നേ വിവേക് ബിന്ദ്ര ഭാര്യയെ മർദിക്കാൻ ആരംഭിച്ചുവെന്ന് പരാതിയിൽ പറയുന്നു. ദമ്പതികൾ താമസിക്കുന്ന നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റസിഡൻസിയിലാണ് സംഭവം നടന്നതെന്നാണ് യാനികയുടെ സഹോദരൻ വൈഭവ് നൽകിയ പരാതിയിലുള്ളത്. വിവേക് തന്റെ സഹോദരിയെ മുറിയിൽ പൂട്ടിയിട്ടു, ദേഹമാസകലം മുറിവേൽപ്പിച്ചു, അസഭ്യം പറഞ്ഞു എന്നാണ് വൈഭവിന്‍റെ പരാതിയില്‍ പറയുന്നത്.

വിവേകും അമ്മയും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാന്‍ ഇടപെട്ട യാനികയെ വിവേക് മര്‍ദിക്കുകയായിരുന്നു. ചെവിക്കേറ്റ അടി കാരണം യാനികയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് യാനികയുടെ സഹോദരൻ വൈഭവ് പറഞ്ഞു. ഡൽഹിയിലെ കൈലാഷ് ദീപക് ആശുപത്രിയിൽ ചികിത്സയിലാണ് യാനിക. പരിക്കേറ്റ യാനിക ചികിത്സ തേടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 427, 325 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഇതിനു മുന്‍പ് വിവേക് ബിന്ദ്രക്കതിരെ മറ്റൊരു ആരോപണം ഉണ്ടായിട്ടുണ്ട്. വിവേകിന്‍റെ കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് പറഞ്ഞ് ചില വിദ്യാര്‍ത്ഥികള്‍ രംഗത്തു വരികയുണ്ടായി. മറ്റൊരു മോട്ടിവേഷല്‍ സ്പീക്കറായ സന്ദീപ് മഹേശ്വരിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ അന്ന് വിവേക് ആരോപണം നിഷേധിച്ചു.