പണവും വിദ്യാഭ്യാസവും ഉള്ളവര്‍ക്കിടയിലാണ് വിവാഹമോചനം കൂടുന്നതെന്ന് മോഹന്‍ ഭാഗവത്

വിവാഹമോചനങ്ങള്‍ക്ക് കാരണം പണവും വിദ്യാഭ്യാസവുമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുസമൂഹത്തിന് പകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ ആളുകള്‍ വഴക്കുണ്ടാക്കുന്നു. അതു കൊണ്ടു തന്നെ വിവാഹമോചനക്കേസുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വിദ്യാസമ്പന്നരുടെയും സാമ്പത്തികമായി ഉയര്‍ന്നവരുടെയും കുടുംബങ്ങളിലാണ് വിവാഹ മോചന കേസുകള്‍ കൂടുന്നത്. പണത്തിനും വിദ്യാഭ്യാസത്തിനുമൊപ്പം ആളുകള്‍ക്ക് അഹങ്കാരവും വര്‍ദ്ധിക്കുന്നതാണ് അതിനു കാരണം. കുടുംബങ്ങള്‍ തകരുന്നതിനൊപ്പം സമൂഹവും തകരുന്നുവെന്നും ഭാഗവത് പറഞ്ഞു.

2000 വര്‍ഷമായി അനുഷ്ഠിച്ചു പോരുന്ന നടപടിക്രമങ്ങളാണ് ഇന്നത്തെ സമൂഹത്തെ പാകപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സ്ത്രീകള്‍ വീടുകള്‍ക്കുള്ളിലാണ്. 2000 വര്‍ഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അത് നമ്മുടെ സമൂഹത്തിന്റെ ഒരു സുവര്‍ണ കാലഘട്ടമായിരുന്നു, ഭാഗവത് പറയുന്നു.

Read more

സമൂഹത്തിന്റെ പകുതിയും സ്ത്രീകളാണെന്നും അവരെ കുറേക്കൂടി ബോധവത്കരിക്കണമെന്നും ഭാഗവത് പറഞ്ഞു. നമ്മുടെ സമൂഹത്തെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളോ നമ്മുടെ കുടുംബമോ അതിജീവിക്കില്ല. ഇന്ത്യ ഒരു ഹിന്ദു സമൂഹമാണെന്നും, ഒരു കുടുംബത്തെ പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിനു മുന്നില്‍ മറ്റു മാര്‍ഗമില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.