ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലെ ഗുരുതര ക്രമക്കേടുകളെയും തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read more
ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആർക്കും തടുക്കാൻ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടായിരുന്നു രാഹുൽ സംസാരിച്ചത്. ശക്തമായ പൊതുജനസമ്മർദ്ദമാണ് മോദിസർക്കാർ നേരിടാൻ പോകുന്നത്. ഇന്ത്യയിൽ മോദിക്കെതിരെ വലിയ കലാപങ്ങൾ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ തകർച്ചയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.







