കൊച്ചിയില്‍ തുറന്ന വാഹനത്തില്‍ മോദി; ആര്‍പ്പുവിളികളും ആരവങ്ങളുമായി ജനങ്ങള്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ പൂക്കള്‍ വിതറി അഭിവാദ്യമര്‍പ്പിച്ച് ജനക്കൂട്ടം. എംജി റോഡിലെ കെപിസിസി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുഗമിച്ചു.

ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആയിരക്കണക്കിന് ആളുകളും റോഡ് ഷോ കാണാനെത്തി. തൃശൂരിലെ റോഡ് ഷോ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കൊച്ചിയിലും മോദിയുടെ റോഡ് ഷോ നടക്കുന്നത്. വൈകുന്നേരം 7.40ന് ആരംഭിച്ച റോഡ് ഷോ 8.10ന് ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു.

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ നാവികസേന ആസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗസ്റ്റ് ഹൗസില്‍ റോഡ് ഷോ പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ഇന്ന് രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങിയേക്കും. തുടര്‍ന്ന് നാളെ രാവിലെ തൃശൂരിലേക്ക് തിരിക്കും.