മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ചു; മോഡിക്കെതിരെ ആരോപണവുമായി മുന്‍ ക്യാബിനറ്റ് സെക്രട്ടറി

കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരണത്തിനൊരുങ്ങവെ, പ്രധാനമന്ത്രി നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ മുന്‍ സര്‍ക്കാരിന്റേതാണെന്ന കുറ്റപ്പെടുത്തി മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി.കെ ചതുര്‍വേ രംഗത്ത്. മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ പുതിയ പേരു നല്‍കി അവതരിപ്പിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തതെന്നും നൂതന ആശയങ്ങളൊന്നും കാഴ്ചവെച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ചരക്ക് സേവന നികുതി (ജിഎസ്ടി) മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന പദ്ധതിയായിരുന്നു എന്നും ചതുര്‍വേദി അവകാശപ്പെട്ടു.

സാമ്പത്തിക പരിഷ്‌കാരത്തിനായി പഴയ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് മോഡി സര്‍ക്കാറും തുടരുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ലോണുകള്‍ക്ക് ഇപ്പോള്‍ “മുദ്ര” എന്നാണ് പേരു നല്‍കിയിരിക്കുന്നതെങ്കിലും അത് പഴയ സര്‍ക്കാരിന്റെ പദ്ധതിയാണ്. സ്വതന്ത്ര സാമ്പത്തിക ഉപദേശക കൗണ്‍സിലിനെ കുറിച്ച് സംസാരിക്കവെ, നിലവിലുള്ള കൗണ്‍സില്‍ നീതി ആയോഗിന്റെ തുടര്‍ച്ച മാത്രമാണെന്ന് ചതുര്‍വേദി പറഞ്ഞു.

മോഡി സര്‍ക്കാര്‍ സ്വന്തമായി നടപ്പിലാക്കിയ പരിഷ്‌കരണം നോട്ട് നിരോധനം മാത്രമാണ്. എന്തിനാണ് ആ പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. യാതൊരു ആസൂത്രണവും കൂടാതെ നടപ്പിലാക്കിയ പദ്ധതിയാണിത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കിയ ഈ പദ്ധതി ചിലരുടെ മരണത്തിനുപോലും ഇടവരുത്തി. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 12,607 കര്‍ഷകമരണങ്ങള്‍ നടന്നിട്ടുണ്ടെന്നും ചതുര്‍വേദി ചൂണ്ടിക്കാട്ടി.