ബിജെപി സ്ഥാനാര്‍ത്ഥിയെ 'ലൈവില്‍' തല്ലി എംഎല്‍എ; തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് സംവാദത്തിനിടെ കൂട്ടത്തല്ല്

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത് ബിആര്‍എസ് എംഎല്‍എ. തത്സമയം സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പരിപാടിക്കിടെ ആയിരുന്നു ബിആര്‍എസ് എംഎല്‍എ കെപി വിവേകാനന്ദ ബിജെപി സ്ഥാനാര്‍ത്ഥി കുന ശ്രീശൈലം ഗൗഡിനെ കയ്യേറ്റം ചെയ്തത്. ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ പ്രകോപിതനായ കെപി വിവേകാനന്ദ കുന ശ്രീശൈലം ഗൗഡിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കുത്ബുല്ലാപൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളാണ് ഇരുവരും. സംവാദത്തിനിടെ ബിആര്‍എസ് എംഎല്‍എ കെപി വിവേകാനന്ദ കുന ശ്രീശൈലത്തെ ഭൂമി കയ്യേറ്റക്കാരനെന്ന് വിളിച്ചു. ഇതിന് മറുപടിയായി കുന ശ്രീശൈലം ബിആര്‍എസ് എംഎല്‍എയാണ് ഭൂമി കയ്യേറ്റക്കാരനെന്നും ആവശ്യമെങ്കില്‍ തെളിവ് ഹാജരാക്കാമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ കെപി വിവേകാനന്ദ ഉടന്‍തന്നെ കുന ശ്രീശൈലം ഗൗഡിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു.

Read more

നേതാക്കള്‍ ഏറ്റുമുട്ടുന്നത് കണ്ടതോടെ അനുയായികളും അക്രമാസക്തരായി. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞുകൊണ്ടാണ് അനുയായികള്‍ ഏറ്റുമുട്ടിയത്. പൊലീസ് ഏറെ പണിപ്പെട്ടാമ് ഇരുവിഭാഗങ്ങളെയും അക്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. അതേ സമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് വിവേകാനന്ദയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.