മിഷനറിമാരുടെ ചതി സമൂഹം തിരിച്ചറിയണം; ജനങ്ങളുടെ ഒറ്റപ്പെടല്‍ മതപ്രചാരകര്‍ മുതലാക്കുന്നു; ക്രൈസ്തവര്‍ക്ക് എതിരെ ആര്‍.എസ്.എസ് മേധാവി

മതപ്രചാരകരുടെ ചതി, സമൂഹം തിരിച്ചറിയണമെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സമൂഹം തങ്ങള്‍ക്കൊപ്പമില്ലെന്ന് ആളുകള്‍ക്ക് തോന്നുന്ന സാഹചര്യം മതപ്രചാരകര്‍ മുതലെടുക്കുകയാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് എല്ലാം മാറ്റിമറിക്കാന്‍ ചിലര്‍ ഇന്ത്യയിലെത്തി. നൂറ്റാണ്ടുകളായി അവരിവിടെ പണിയെടുക്കുന്നു. പക്ഷേ, ഭാരതീയരുടെ വേരുകള്‍ ശക്തമായതിനാല്‍ കാര്യമായൊന്നും നേടാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

അതിന് പൂര്‍വികരുടെ പരിശ്രമത്തിന് നന്ദി പറയണമെന്നും മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ ഗോവിന്ദനാഥ് മഹാരാജിന്റെ സമാധിസ്ഥലം നാടിനു സമര്‍പ്പിച്ച് ഭാഗവത് പറഞ്ഞു. നമ്മുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ വിദേശത്തു പോകേണ്ടതില്ല. സനാതനധര്‍മം അത്തരം പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല. ഭാരതീയപാരമ്പര്യങ്ങളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നുമുള്ള വ്യതിയാനത്തെ തടയണം.

Read more

നമ്മുടെ ധര്‍മത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുകയും വേണം. ഞങ്ങള്‍ സ്വന്തം ആളുകളെ കാണാന്‍ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങള്‍ അവരോടുപോയി കാര്യങ്ങള്‍ തിരക്കാറുമില്ലായിരുന്നു. എന്നാല്‍, ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുനിന്ന് മിഷനറിമാര്‍ അവിടെച്ചെന്ന് താമസിക്കുകയും അവരുടെ ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷ സംസാരിക്കുകയും ചെയ്തു. പിന്നീട് അവര്‍ അവരുടെ മതവും മാറ്റിയെന്നും ഭാഗവത് ആരോപിച്ചു. ആളുകള്‍ക്കിടയില്‍ വിശ്വാസം ഊട്ടിയുറപ്പിക്കണം. വിശ്വാസത്തെ തകര്‍ക്കാന്‍ വഞ്ചകരായ ചിലര്‍ മതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. അത്തരക്കാരുടെ കുത്സിതനീക്കങ്ങള്‍ക്കുമുന്നില്‍ പതറിപ്പോകരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.