മുകേഷ് അംബാനിക്കെതിരെ തുടർച്ചയായി വധഭീഷണി; തെലങ്കാനയിൽ 19 കാരൻ അറസ്റ്റിൽ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ തുടർച്ചയായി വധഭീഷണി മുഴക്കിയ സംഭവത്തിൽ തെലങ്കാന സ്വദേശിയായ 19കാരൻ അറസ്റ്റിൽ. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഗണേഷ് രമേഷ് വനപർധി എന്ന യുവാവിനെ നവംബർ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് വധഭീഷണി ഇ-മെയിലുകളായിരുന്നു മുകേഷ് അംബാനിക്ക് ലഭിച്ചത്.

400 കോടി രൂപ ആവശ്യപ്പെട്ടാണ് അവസാനമായി വധഭീഷണി സന്ദേശം ലഭിച്ചത്. അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് ആദ്യ ഇ-മെയിൽ ലഭിച്ചതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 27 ന് മുംബൈയിൽ പരാതി രജിസ്റ്റർ ചെയ്തു. ദിവസങ്ങൾക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയിൽ കമ്പനിക്ക് ലഭിച്ചു. അവസാനമായി 400 കോടി നൽകിയില്ലെങ്കിൽ അംബാനി കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി.

മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത് വ്യക്തിയുടെ ശരിയായ ഐഡിയാണോ അതോ വ്യാജ ഐഡി ഉപയോഗിച്ചാണോ ഈ മെയിലുകൾ അയച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെയും മുകേഷ് അംബാനിക്കുനേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർഎച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിഹാറിലെ ദർബംഗ സ്വദേശിയായ രാകേഷ് കുമാർ മിശ്ര എന്നയാൾ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.