കോടതി വിധിക്ക് കാത്തുനിൽക്കാതെ മമതയ്ക്ക് ഡി.ലിറ്റ് ബിരുദം നൽകി കൽക്കട്ട യൂണിവേഴ്സിറ്റി

കോടതിയിൽ കേസ് നിലനിൽക്കെ വിധിക്ക് കാത്തുനിൽക്കാതെ മമതയ്ക്ക് ഡി.ലിറ്റ് ബിരുദം നൽകി കൽക്കട്ട യൂണിവേഴ്സിറ്റി. കൽക്കട്ട സർവകലാശാലയിൽ നിന്നുള്ള ഹോണററി ഡോക്ടറേറ്റാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റുവാങ്ങിയത്. മമതയ്ക്ക് ഡി.ലിറ്റ് നൽകി ആദരിക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്ത ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബഹുമതി സ്വീകരിച്ചത്.

സർക്കാർ ഫണ്ട് മൂലം പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി അവരെ സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഡിഗ്രി നൽകുന്നത് അനുചിതമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരം പ്രവൃത്തികൾ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹർജിക്കാർ കുറ്റപ്പെടുത്തിയിരുന്നു.

വടക്കൻ ബംഗാളിലെ യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് വൈസ് ചാൻസലറടക്കം രണ്ട് പേരാണ് മമതക്ക് ഡോക്ടറേറ്റ് ഡിഗ്രി നൽകാനുള്ള തീരുമാനത്തിനെതിരെ പൊതു താൽപ്പര്യ ഹർജിയുമായി കോടതിയെ സീമിപിച്ചത്.

കേസ് പരിഗണിച്ച കോടതി ഇന്നലെ മൂന്ന് മണിക്കൂറോളം വാദങ്ങൾ കേട്ടിരുന്നു. ഇന്ന് വാദം തുടരാനിരിക്കെയാണ് കൽക്കട്ട സർവകലാശാല ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്.