പ്രധാനമന്ത്രിക്ക് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനും; ശ്രദ്ധാകേന്ദ്രമായി തൃശൂര്‍; കേരളത്തിലെ ഇരുപത് സീറ്റിലും വിജയിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തൃശൂരിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം തൃശൂരിലെത്തുന്നത്. കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി യോഗം നടത്തുമെന്ന് എഐസിസി വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് തൃശൂര്‍. പ്രധാനമന്ത്രി തൃശൂര്‍ എത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചുണ്ടിക്കാട്ടി. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചരണവും തൃശൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചു.

ബൂത്ത് തലത്തില്‍ മൈക്രോ മാനേജ്മെന്റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാര്‍ റൂം മാതൃകയില്‍ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററുകള്‍ ഉടന്‍ തുറക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദക്ഷിണേന്ത്യയില്‍ നിന്ന് എഴുപത് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴ ഉള്‍പ്പടെ എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.