'പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ കൈമാറി, സമ്മാനങ്ങൾ കൈപ്പറ്റി, പണമായിരുന്നില്ല ലക്ഷ്യം'; ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം തുറന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര

വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയ ആരോപണത്തിൽ വിശദീകരണം നൽകി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹുവ മൊയ്ത്ര വിശദീകരിച്ചു.

പാർലമെന്റ് അം​ഗങ്ങളുടെ ഔദ്യോ​ഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ല, പാസ്‌വേഡ് വിവരങ്ങൾ എല്ലാവരുടെയും ടീമിന്റെ പക്കലുണ്ട്. എന്നാൽ ലോഗിൻ ചെയ്യുമ്പോൾ ഒടിപി വരുന്നത് തന്റെ ഫോണിലേക്ക് മാത്രമാണ്. താൻ ഒടിപി നൽകിയാൽ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

ദർശൻ ഹിരാനന്ദാനി ദുബായിൽ നിന്ന് ലോഗിൻ ചെയ്‌തു, എന്നാൽ അത് സുരക്ഷാ വീഴ്‌ചയാണെന്നുള്ള ആരോപണം പരിഹാസ്യമാണ്. താനും സ്വിറ്റ്സർലൻഡിൽ നിന്ന് ലോഗിൻ ചെയ്തിട്ടുണ്ട്. തനിക്കുവേണ്ടി സഹോദരിയുടെ മകൾ കേംബ്രിഡ്ജിൽ നിന്ന് ലോഗിൻ ചെയ്യുകയും ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും മഹുവ പറഞ്ഞു. ദർശൻ ഹിരാനന്ദനിക്ക് ഞാൻ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. എല്ലാ ചോദ്യങ്ങളും വിവരാവകാശ നിയമത്തിന് വിധേയമാണെന്നും മഹുവ വ്യക്തമാക്കി.

ദർശൻ ഹിരാനന്ദാനി സുഹൃത്താണ്. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്കാർഫും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ പണം കൈപ്പറ്റിയിട്ടില്ലെന്നും അവർ പണം വാഗ്ദാനം ചെയ്തതിന് തെളിവില്ലായെന്നും മഹുവ പറഞ്ഞു. തൻ്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശൻ്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രം​ഗത്തെത്തിയ‌ത്. പിന്നീ‌ട്, പാർലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് തനിക്കു നൽകിയെന്നും ചോദ്യങ്ങൾക്കു പകരമായി ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നും ഹിരാനന്ദാനി വെളിപ്പെടുത്തിയിരുന്നു.