'പ്രധാനമന്ത്രി മോദിയില്‍ ദൈവത്തിന്റെ അടയാളങ്ങളുണ്ട്; മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവുകള്‍ കൊണ്ടാണ് രാജ്യത്ത് ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മോദി അമാനുഷിക മനുഷ്യനാണെന്നും അദ്ദേഹത്തില്‍ ദൈവത്തിന്റെ അടയാളങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ദബോലിം നിയമസഭാ മണ്ഡലത്തില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്‍.

‘ഞാന്‍ അദ്ദേഹത്തില്‍ ദൈവത്തിന്റെ അടയാളം കാണുന്നു. അദ്ദേഹം അനന്തമായ ശക്തികളുടെ കലവറയാണ്. ഒരാള്‍ക്ക് എങ്ങനെ ഇത്രയധികം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു? ഇതിന് മുമ്പ് വര്‍ഷങ്ങളോളം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തി. നിങ്ങള്‍ പോയിടത്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നോ?’ അദ്ദേഹം ചോദിച്ചു.

‘ഞാന്‍ ഒരു മുഖ്യമന്ത്രിയും ബിജെപി പ്രവര്‍ത്തകനുമായത് കൊണ്ടല്ല ഇത് പറയുന്നത്. എന്റെ മനസ്സില്‍ തോന്നുന്നത് ഞാന്‍ പറയുന്നു. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചത് ഭാഗ്യമാണ്. അദ്ദേഹത്തിന് അവിശ്വസനീയമായ വ്യക്തിത്വമുണ്ട്,’ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. മോദിയെ സൂപ്പര്‍-ഹ്യൂമന്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആശയങ്ങളുള്ള മനുഷ്യമാണ് മോദിയെന്നും പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, ഇന്ത്യയില്‍ നിന്ന് വന്നതാണെന്ന് പറയുമ്പോള്‍ നമ്മളെ അവഗണിക്കുമായിരുന്നുവെന്നും, ഇന്ത്യ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് അഴിമതിയുടെ പേരിലാണെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.