ആശങ്ക പ്രകടിപ്പിച്ച് മുന്നണികള്‍; '2009ന് ശേഷം തമിഴ്നാട്ടിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോളിംഗ്'

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് രാഷ്ട്രീയ പാർട്ടികളിൽ ആശങ്കക്കിടയാക്കുന്നു. 2009ന് ശേഷം ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ പ്രതിഫലിച്ചത്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും ആശങ്കയിലാണ്.

ഏപ്രിൽ 19 ന് തമിഴ്‌നാട്ടിൽ നടന്ന ആദ്യ ഘട്ടത്തിൽ 39 ലോക്‌സഭാ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 6.23 കോടി വോട്ടർമാർ ആണ് വോട്ട് ചെയ്തത്. 950 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ അന്തിമ പോളിങ് ശതമാനം 69.46 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അതായത് 2009ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിങ്.

2019ലെ പോളിംഗ് ശതമാനം ആയ 72.47നോട് അടുത്ത് നിൽക്കുന്ന 72.09 എന്ന കണക്കാണ് പോളിങ് ശതമാനമായി ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അവസാന കണക്ക് വരുമ്പോൾ പോളിങ് ശതമാനം വീണ്ടും ഉയരുമെന്നും പറഞ്ഞു. എന്നാൽ അന്തിമ പോളിംങ് വന്നപ്പോൾ അത് 69.46% ആയി. അതേസമയം കോയമ്പത്തൂരിൽ 2019ലേക്കാൾ 8 ശതമാനം ഉയർന്ന് 71ലെത്തിയെന്ന് പ്രഖ്യാപനം ഉണ്ടായത് അന്തിമ ഫലം വന്നപ്പോൾ 64.81 ശതമാനം മാത്രമായി.

കോയമ്പത്തൂരിലെ പോളിംങ് ശതമാന പ്രവചനം വന്നതോടെ കോയമ്പത്തൂരിൽ അണ്ണാമലൈ എഫക്ട് എന്നും തമിഴ്നാട്ടിൽ മോദി മാജിക് എന്നും ബിജെപി ഐടി വിഭാഗം പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ എല്ലാം കാറ്റിൽ പറത്തിയാണ് അവസാനത്തെ പോളിങ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഈ കണക്ക് വ്യത്യാസം മൂന്ന് മുന്നണികൾക്കും ക്ഷീണം ഉണ്ടാക്കി.

തെരഞ്ഞെടുപ്പിൽ വ്യാപക ക്രമകേടുണ്ടായതായി അണ്ണമലൈയുടെ വിശ്വസ്തനായ ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി വിമർശിച്ചു. കോയമ്പത്തൂരിലും ചെന്നൈ സെൻട്രലിലും ഒരു ലക്ഷം ബിജെപി വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നും സ്ഥാനാർത്ഥികൾ ആരോപിക്കുന്നുണ്ട്. അതേസമയം ചെന്നൈയിലെ മൂന്ന് ഡിഎംകെ സ്ഥാനാർഥികൾ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു നന്ദി പറഞ്ഞതൊഴിച്ചാൽ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. അണ്ണാ ഡിഎംകെ പ്രവർത്തകരെ പോളിങ് ദിവസം കാണാൻ ഉണ്ടായിരുന്നില്ലെന്ന് ഒരു കിംവദന്തി പരന്നിരുന്നു.

2009ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംങ് ആണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. 39ൽ 35 മണ്ഡലങ്ങളിലും 2019ലേക്കാൾ പോളിങ് ശതമാനം ഇടിഞ്ഞു. ഇത്‌ എന്തിന്റെ സൂചനയെന്ന് അങ്കലാപ്പ് മൂന്ന് മുന്നണികള്‍ക്കുമുണ്ട്. 2019ൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിൽ 39ഉം ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം നേടിയിരുന്നു.