സുരക്ഷാ വീഴ്ചയില്‍ പുകഞ്ഞ് ലോക്‌സഭ; കളര്‍ സ്‌പ്രേയുമായി നടുത്തളത്തിലേക്ക് ചാടി രണ്ടംഗ സംഘം; പിടിയിലായവര്‍ യുപി സ്വദേശികളെന്ന് നിഗമനം; പിന്നില്‍ ഖാലിസ്ഥാന്‍ വാദികളെന്ന് സംശയം

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തിനിടെ ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. ലോക്‌സഭ സന്ദര്‍ശ ഗ്യാലറിയില്‍ നിന്നും രണ്ട് യുവാക്കള്‍ കളര്‍ സ്‌പ്രേയുമായി സഭാ അംഗങ്ങള്‍ക്കിടയിലേക്ക് ചാടുകയായികുന്നു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാനെത്തിയവരാണ് അതിക്രമത്തിന് പിന്നില്‍.

ലോക്‌സഭയില്‍ ശൂന്യ വേളയ്ക്കിടെ ആയിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി എംപി പ്രതാപ് സിംഗിന്റെ പാസുമായാണ് ഇവര്‍ അകത്ത് കയറിയതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ ലോക്‌സഭ നടുത്തളത്തിലേക്ക് ചാടിയതോടെ സഭാ നടപടികള്‍ നിറുത്തിവച്ചു. അക്രമി സംഘം ഏകാധിപത്യം നടപ്പാക്കരുതെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്.

അക്രമി സംഗം ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് സൂചന. ഇവര്‍ക്ക് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടോയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. അന്‍മോല്‍, നീലം എന്നീ പേരുകളിലുള്ളവരാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായത്. ഇതിനിടെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് കളര്‍ബോംബ് ഉപയോഗിച്ച രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യങ്ങളുയര്‍ത്തിയതായാണ് വിിവരം.

അതേസമയം വന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കളര്‍ സ്‌പ്രേയുമായി യുവാക്കള്‍ എങ്ങനെ കടന്നു എന്ന ചോദ്യം ബാക്കിയാണ്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരത്തിലൊരു ആക്രമണം നടന്നതിലും ദുരൂഹത നിലനില്‍ക്കുന്നു. സോക്‌സിലാണ് രണ്ടംഗ സംഘം ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തിയത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, രാഹുല്‍ ഗാന്ധി തുടങ്ങിയവരെ അടിയന്തരമായി പുറത്തെത്തിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നീല ഷര്‍ട്ട് ധരിച്ച പുരുഷനാണ് ആദ്യം എംപിമാരുടെ ഇരിപ്പിടത്തിലേക്ക് എടുത്ത് ചാടിയത്. ഇതേ സമയം രണ്ടാമത്തെ യുവാവ് കളര്‍ സ്േ്രപ ഉപയോഗിക്കുകയായിരുന്നു. അക്രമി സംഘം നടുത്തളത്തിലേക്ക് ചാടിയതിന് പിന്നാലെ ലോക്‌സഭ പുകകൊണ്ട് നിറഞ്ഞു. സംഘം സ്പീക്കറുടെ ചേമ്പര്‍ ലക്ഷ്യമിട്ടാണ് നീങ്ങിയത്. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2001 ഡിസംബര്‍ 13ന് ആയിരുന്നു പാര്‍ലമെന്റ് മന്ദിരത്തില്‍ അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. തീവ്രവാദികള്‍ക്ക് പുറമേ ആറ് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു ഒരാഴ്ച മുന്‍പ് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു.

ഇന്നത്തെ സംഭവത്തിന് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരുന്നു. പിടിയിലായവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.