അന്താരാഷ്ട്ര ലഹരിക്കടത്തിലെ കണ്ണികള്‍ പിടിയില്‍; മുഖ്യസൂത്രധാരന്‍ തമിഴ് സിനിമ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം

വിദേശ രാജ്യങ്ങൡലേക്ക് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്ന ലഹരി മാഫിയയിലെ കണ്ണികള്‍ ഡല്‍ഹിയില്‍ പിടിയില്‍. നാര്‍ക്കോട്ടിക് ബ്യൂറോയും ഡല്‍ഹി പൊലീസും നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്. സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ തമിഴ് സിനിമ നിര്‍മ്മാതാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. മൂവര്‍ സംഘത്തില്‍ നിന്ന് 50 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ കണ്ടെടുത്തു. മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണ് സ്യൂഡോഫെഡ്രിന്‍. സംഘം ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ ലഹരി മരുന്ന് കടത്തിയിരുന്നതായാണ് വിവരം.

അതേസമയം സംഘത്തിന്റെ സൂത്രധാരനായ തമിഴ് സിനിമ നിര്‍മ്മാതാവ് ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബസായ് ദാരാപൂരിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഇന്ത്യയില്‍ നിന്ന് കോക്കനട്ട് പൗഡറിലോ ഹെല്‍ത്ത് മിക്‌സുകളിലോ ഒളിപ്പിച്ച് സ്യൂഡോഫെഡ്രിന്‍ കടത്തുന്നതായി ന്യൂസിലന്റ് ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കസ്റ്റംസ് ഇന്ത്യന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ലഹരി മരുന്നുമായി പിടിയിലായത്.