ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയില്‍. 280 കോടി രൂപ വിലമതിക്കുന്ന 50 കില ഹെറോയിനാണ് ബോട്ടില്‍ നിന്നും കണ്ടെടുത്തത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്.

അല്‍ ഹാജ് എന്ന ബോട്ടാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നപ്പോള്‍ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്ന 9 പാക് പൗരന്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കസ്റ്റഡിയില്‍ എടുത്തവരെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി കച്ച് ജില്ലയിലെ ജഖോ തുറമുഖത്ത് എത്തിച്ചുവെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.