ജമ്മു കശ്മീരിൽ ലാൻഡ്‌ലൈനുകൾ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചു

ശ്രീനഗറിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ കശ്മീർ താഴ്‌വരയിലെ 17 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ പുന:സ്ഥാപിച്ചതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയോളമായി ഇല്ലാതിരുന്ന വാർത്താവിനിമയ സംവിധാനങ്ങളാണ് ഇപ്പോൾ ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

കശ്മീരിലെ നൂറിലധികം ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പതിനേഴ് എണ്ണം പ്രവർത്തനക്ഷമമാക്കി. മധ്യ കശ്മീരിലെ ബുഡ്ഗാം, സോനമാർഗ്, മണിഗാം പ്രദേശങ്ങളിൽ ലാൻഡ്‌ലൈൻ സേവനങ്ങൾ പുന:സ്ഥാപിച്ചു. വടക്കൻ കശ്മീരിൽ ഗുരസ്, ടാങ്‌മാർഗ്, ഉറി കെരൺ കർണ, തങ്‌ധാർ പ്രദേശങ്ങളിൽ സേവനങ്ങൾ പുന:സ്ഥാപിച്ചു. ശ്രീനഗറിൽ, സിവിൽ ലൈൻസ് ഏരിയ, കന്റോൺമെന്റ് ഏരിയ, വിമാനത്താവളത്തിന് സമീപം ലാൻഡ്‌ലൈനുകൾ തിരിച്ചെത്തി.

അതേസമയം, ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷനുകൾ പുന:സ്ഥാപിച്ചു. മേഖലയിലെ ജമ്മു, റിയാസി, സാംബ, കതുവ, ഉദംപൂർ ജില്ലകളിൽ 2 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തിരിച്ചെത്തി.

കശ്മീരിലെ സ്ഥിതിഗതികൾ ദിനംപ്രതി അവലോകനം ചെയ്തു വരികയാണെന്ന് ഇന്നലെ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആശയവിനിമയ സാധ്യതകൾ സമ്പൂർണമായി നിഷേധിക്കുന്നതിന്റെ ഭാഗമായി, കശ്മീർ താഴ്‌വരയിൽ ഫോൺ സേവനങ്ങളും ഇന്റർനെറ്റ് കണക്ഷനുകളും താത്കാലികമായി നിർത്തിവെച്ചിരുന്നു, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കർഫ്യൂ നിലവിലുണ്ട്.