'ബിജെപിയുടെ ഒരു കെണിയിലും വീഴില്ല'; രാമക്ഷേത്രം ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ കെസി വേണുഗോപാൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺ​ഗ്രസ് വീഴില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെസി കൂട്ടിച്ചേർത്തു.

വിഷയത്തിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് ആണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു. പങ്കെടുക്കരുതെന്ന സമസ്ത നിലപാടിൽ സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.