പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല; കാശ്മീരിന് ഗാസയുടെ അവസ്ഥയാകുമെന്ന് ഫറൂഖ് അബ്ദുല്ല

ഇന്ത്യ- പാകിസ്ഥാന്‍ പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കശ്മീര്‍ ഉടന്‍ മറ്റൊരു ഗാസയായി മാറുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. കാശ്മീര്‍ പ്രശനം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകുന്നില്ല, ഇന്ത്യ-പാക് ചര്‍ച്ച പുനഃരാരംഭിച്ചിട്ടില്ലെങ്കില്‍, ഗസ്സയുടെ അതേ അവസ്ഥയാകും കശ്മീരിനും.

നമുക്ക് സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും അയല്‍ക്കാരെ മാറ്റാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി പറഞ്ഞിരുന്നു. അയല്‍ക്കാരെ സുഹൃത്തുക്കളാക്കി മാറ്റുകയാണെങ്കില്‍ കാര്യത്തില്‍ പുരോഗതി കൈവരുമെന്നാണ് വാജ്‌പേയി പറഞ്ഞത്.

യുദ്ധം ഒരു മാര്‍ഗമല്ല എന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും പറഞ്ഞത് അതുതന്നെ. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചതാണ്. നമ്മള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഉടന്‍ പരിഹാരമായില്ലെങ്കില്‍ ഗാസയുടെയും പലസ്തീന്റെയും വിധിയാകും കശ്മീരിന്. ഞങ്ങള്‍ ഫലസ്തീനികളെ പോലെയാകുമെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.