സിദ്ധരാമയ്യക്ക് മുന്‍തൂക്കം, മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിച്ചേക്കും; ചര്‍ച്ചകള്‍ തുടരുന്നു

സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിച്ചേക്കും. 85 എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 45 എംഎല്‍എമാരാണ് ഡി.കെ ശിവകുമാറിന് പിന്തുണ നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചര്‍ച്ച നടത്താന്‍ ഡി.കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

ശിവകുമാറിനോട് ഇന്നലെ ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ട്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

നിയമസഭാംഗങ്ങളില്‍ കൂടുതല്‍ പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. അനുനയത്തിന്റെ ഭാഗമായി പിസിസി അധ്യക്ഷ പദവി നിലനിര്‍ത്തുന്നതിന് പുറമെ ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും, പ്രധാന വകുപ്പുകളും നല്‍ക്കിയേക്കും.