ഇനി മുതല്‍ ഞാന്‍ ഇമ്രാന്‍ ഖാന്റെ വിമര്‍ശകനല്ല; ആരാധകനെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരാധകനായി താന്‍ മാറിയെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. നേരത്തെ ഞാന്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടി.വിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനു ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന് കട്ജു പറയുന്നു. ട്വിറ്ററിലാണ് കട്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭീകരവാദത്തെ കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിസംബോധനയില്‍ അറിയിച്ചു. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമില്ലാത്ത കാര്യമാണെന്നും, അതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യ പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ നിലപാടിനെ പാകിസ്ഥാന്‍ സ്വാഗതം ചെയ്തു. ഭീകരതയ്ക്ക് എതിരായ ഇന്ത്യന്‍ നിലപാടിനെ അനുകൂലിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ രംഗത്ത് വന്നിരുന്നു.

പുല്‍വാമ ഭീകരാക്രണണത്തില്‍ ദു:ഖം രേഖപ്പെടുത്തുവെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് റഷ്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.