ഡൽഹി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി; അകാലിദളിനു ശേഷം ബി.ജെ.പിക്ക് തിരിച്ചടി നൽകുന്ന രണ്ടാമത്തെ സഖ്യകക്ഷി

ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഹരിയാനയിൽ അധികാരം നിലനിർത്താൻ ബിജെപിയെ സഹായിച്ച ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിൽ ഉള്ള ജൻനായക് ജനതാ പാർട്ടി അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി അറിയിക്കുന്ന ബി.ജെ.പിയുടെ രണ്ടാമത്തെ സഖ്യകക്ഷിയാണ് ജൻനായക് ജനതാ പാർട്ടി.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച ദുഷ്യന്ത് ചൗതാല തന്റെ പാർട്ടി ഡൽഹിയിൽ സ്ഥാനാർത്ഥികളെ നിർത്തുകയില്ലെന്ന് സ്ഥിരീകരിച്ചു. “ചിഹ്നം വളരെ പ്രധാനപ്പെട്ട വിഷയമാണ്”, “പെട്ടെന്ന് ഉള്ള അറിയിപ്പിൽ പുതിയ ചിഹ്നത്തിൽ” പോരാടാൻ ജെജെപി തയ്യാറല്ല, ദുഷ്യന്ത് ചൗതാല വ്യക്തമാക്കി.

മറ്റൊരു ബി.ജെ.പി സഖ്യകക്ഷിയായ ഷിരോമണി അകാലിദൾ സീറ്റ് പങ്കിടൽ സംബന്ധിച്ച് വിയോജിപ്പുകൾ പറഞ്ഞ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് പറഞ്ഞു 24 മണിക്കൂർ തികയുന്നതിനു മുമ്പാണ് ദുഷ്യന്ത് ചൗതാലയുടെ പ്രസ്‌താവന വരുന്നത്. തങ്ങളുടെ തീരുമാനത്തിലും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്‌ പങ്കുണ്ടെന്ന് ഷിരോമണി അകാലിദൾ സൂചിപ്പിച്ചിരുന്നു.