ജമ്മു കശ്മീർ ബിൽ ലോക്‌സഭ പാസാക്കി: കശ്മീർ രണ്ടായി ; പ്രത്യേക പദവിയും ഇനിയില്ല

ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയം ലോക്‌സഭ പാസാക്കി. ആർട്ടിക്കിൾ 370 പരിഷ്കരിക്കാനുള്ള പ്രമേയമാണ് പാസായത്. പ്രമേയം പാസായത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ. 351 പേർ പ്രമേയത്തെ അനുകൂലിച്ചു. 72 പേർ എതിർത്തു. കഴിഞ്ഞ ദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലും ലോക്‌സഭയില്‍ പാസായി. 367 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 67 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതാണ് ബില്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരില്‍ ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ ബില്‍ സ്വയം പ്രേരിതമായി നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371- ൽ പരിഷ്‌കാരം വരുത്തില്ലെന്നും ലോക്‌സഭയിൽ അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയെയും ജമ്മു കശ്മീരിനെയും തമ്മിൽ അകറ്റിയിരുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 370 ആയിരുന്നു എന്നും അത് ഇന്നത്തോടെ ഇല്ലാതാകുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ഈ തീരുമാനം ശരിയാണോ അല്ലയോ എന്ന് ചരിത്രം തീരുമാനിക്കും, എന്നാൽ ഇത് ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ സ്മരിക്കും, അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ സന്നിഹിതനായിരുന്നു. ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിച്ച് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെ മറുപടി നൽകുകയായിരുന്നു അമിത് ഷാ.

പ്രമേയം പാസാക്കി പാർലിമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.