'ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരം രൂപ വീതമാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്'; തോല്‍വിക്ക് പിന്നാലെ ആരോപണവുമായി ജഗദീഷ് ഷെട്ടാര്‍

തന്റെ തോല്‍വിക്ക് കാരണം ബിജെപി വോട്ടര്‍മാര്‍ക്ക് പണം വാരിയെറിഞ്ഞ് വോട്ട് പിടിച്ചതു കൊണ്ടാണെന്ന് ജഗദീഷ് ഷെട്ടാര്‍. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് കനത്ത പരാജയമാണ് സംഭവിച്ചത്.

ഇതിന് പിന്നാലെയാണ് ബിജെപിക്ക് എതിരെ ഷെട്ടാര്‍ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് 500,1000 രൂപ വരെ വിതരണം ചെയ്തു. കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും താന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തിട്ടില്ല.

ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥി 500-1000 രൂപ വീതം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ താന്‍ പരാജയപ്പെട്ടെങ്കിലും ലിംഗായത്തുകളുടെ വോട്ടുകള്‍ നേടാനായെന്നും കോണ്‍ഗ്രസിന് 20 മുതല്‍ 25 വരെ സീറ്റുകള്‍ നേടാന്‍ സഹായിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ എഎന്‍ഐയോട് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. എന്നാല്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഷെട്ടാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഷെട്ടാറിനെതിരെ വന്‍പ്രചാരണമാണ് ബിജെപി നടത്തിയത്. ജഗദീഷ് ഷെട്ടാര്‍ വിജയിക്കില്ലെന്ന് താന്‍ ചോര കൊണ്ട് എഴുതിവെയ്ക്കാമെന്നും ബിജെപിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഷെട്ടാര്‍ പിന്നില്‍ നിന്ന് കുത്തിയെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.