കള്ളപ്പണം വെളുപ്പിക്കല്‍; 201 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെ കടുപ്പിച്ച് ആദായനികുതി വകുപ്പ്; ശോഭ ഡെവലപ്പേഴ്‌സില്‍ റെയിഡ്

ശോഭ ഡെവലപ്പേഴ്‌സില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ബെംഗളുരു വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തേ ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയിഡ് നടക്കുന്നതെന്ന് ടിവി 9 കന്നഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെയിഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശോഭ ലിമിറ്റഡിന്റെ ഓഹരികളും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നു 523.35 രൂപയായി കുറഞ്ഞു, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിലവിലെ പരിശോധനകള്‍.