പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ കേന്ദ്രം തുക അനുവദിച്ചു. ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിലേക്ക് 12,980 കോടി രൂപ അനുവദിക്കാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർകാരിന്റെ ഈ ഇടപെടൽ. നിലവിൽ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് ഇൻഷുറൻസ് കവറേജ് നൽകുന്നത്. ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്ന ഇൻഷുറൻസ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
Read more
കപ്പലുകളുടെ ചട്ടക്കൂട്, യന്ത്രസാമഗ്രികൾ, ചരക്ക് , പ്രൊട്ടക്ഷൻ ആന്റ് ഇൻഡംനിറ്റി, യുദ്ധസാഹചര്യങ്ങൾ മൂലമുണ്ടാകുന്ന റിസ്‌ക്കുകൾ എന്നിവ ഈ ഇൻഷുറൻസ് പൂൾ കവർ ചെയ്യും. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകൾ, ഇന്ത്യയിൽ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകൾ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കും. പദ്ധതി 10 വർഷത്തേക്കാണെങ്കിലും ആവശ്യമെങ്കിൽ 15 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്.







