ബുംറയുടെ ഫോമിന് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ ഇപ്പോൾ അവൻ സ്ലോവർ ബോളുകളാണ് കൂടുതൽ എറിയുന്നത്, അതുകൊണ്ടാണ് വിക്കറ്റുകൾ നേടാത്തത്: ഇർഫാൻ പത്താൻ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ജയം സ്വന്തമാക്കിയിരുന്നു പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.

എന്നാൽ ഐപിഎൽ തുടങ്ങി കളിച്ച അഞ്ച് മത്സരങ്ങളിലായി ഒരു വിക്കറ്റ് പോലും നേടാനാകാതെ തുടരുകയാണ് ജസ്പ്രീത് ബുംറ. 114 പന്തുകൾ എറിഞ്ഞ താരം വിക്കറ്റുകൾ നേടുന്നതിൽ പരാജയപ്പെടുകയാണ്. മുൻ വർഷങ്ങളിൽ മുംബൈക്കായി മികച്ച പ്രകടനം നടത്തിയ ബുംറ ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്.

ബുംറയുടെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും, എന്നാൽ പന്തെറിയുന്ന രീതിയിലെ പിഴവുകളാണ് വിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്നും മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി.

”ബുംറയുടെ വിക്കറ്റുകൾ ടീമിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല, എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പന്തുകളുടെ ശരാശരി വേഗത 130 kmph ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം 44 ശതമാനം പന്തുകളും അദ്ദേഹം ‘സ്ലോവർ ബോളുകൾ’ ആയാണ് എറിയുന്നത്. അതായത് എറിയുന്ന രണ്ടാമത്തെ പന്തുകളെല്ലാം സ്ലോവർ ബോളുകളാണ്,” പത്താൻ പറഞ്ഞു.