പ്രീ വെഡ്ഡിം​ഗ് ഷൂട്ടിനിടെ എത്തിയ അതിഥി, കാറിക്കൂവി ബഹളം വെക്കേണ്ടിടത്ത് കൂളായിരിക്കുന്ന യുവാവും യുവതിയും; വൈറലായി വീഡിയോ

പ്രീ വെഡ്ഡിം​ഗ് ഫോട്ടോകളും വീഡിയോകളും ഇല്ലാത്ത കല്യാണങ്ങൾ ഇന്ന് വിരളമായിരിക്കും. പ്രീ വെഡിങ് ഷൂട്ടുകൾക്കിടയിലുള്ള അപകടങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിക്കുന്ന പുതിയ പ്രീ വെഡിങ് വീഡിയോയിൽ പെട്ടന്നുണ്ടായ ഒരു അപകടത്തെ യുവാവും യുവതിയും കൂളായി നേരിടുന്നതാണ്.

ഒരു ​ഗുഹയ്‍ക്കകത്ത് ചിത്രീകരിക്കുന്നതാണ് വീഡിയോ. ഇരുട്ടിലാണ് ചിത്രീകരണം. സൂര്യപ്രകാശം വളരെ കുറച്ച് മാത്രമാണ് അകത്തേക്ക് വരുന്നത്. അതിനകത്ത് വെള്ളവും കാണാം. വിവാഹിതരാവാൻ‌ പോകുന്ന യുവാവും യുവതിയും ഫോട്ടോഷൂട്ടിനെത്തിയ ടീമും എല്ലാം അതിന്റെ അകത്തുണ്ട്. ഷൂട്ടിം​ഗ് പുരോ​ഗമിക്കവെയാണ് പെട്ടെന്നൊരു പാമ്പ് വെള്ളത്തിലൂടെ വരുന്നത്.

കൂട്ടത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ അയാൾ എല്ലാവരോടും കാര്യം പറയുന്നുണ്ട്. എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്. യുവതി ഒന്ന് പേടിക്കുന്നുണ്ട് എങ്കിലും യുവാവ് അവളുടെ കൈപിടിച്ച് അവളെ കംഫർട്ടാക്കുന്നത് കാണാം. അധികം കഴിയും മുമ്പ് തന്നെ പാമ്പ് പാമ്പിന്റെ വഴിക്ക് പോവുകയും ചെയ്തു.

വീഡിയോ കാണുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് അപ്രതീഷിതമായി ഒരു പാമ്പിനെ കണ്ടിട്ടും കൂളായിട്ടിരിക്കുന്ന യുവാവിനെയും യുവതിയെയും സംഘത്തെയുമാണ്. അധികം പേരും ഇങ്ങനെ ഒരു സാഹചര്യം വന്നാൽ കാറിക്കൂവി ബഹളം വച്ചേനെ എന്ന കാര്യത്തിൽ സംശയമില്ല. ‘പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ’ എന്ന് കുറിച്ചിട്ടുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 5.1 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.