അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യൻ പൗരൻമാർ ഇന്ന് രാജ്യത്തെത്തും. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാടുകടത്തപ്പെട്ടവർ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. രാവിലെ ഒമ്പത് മണിയോടെ വിമാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമൃത്സർ വിമാനത്താവളത്തിൽ എത്തുന്നവർക്കുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അമേരിക്കൻ സൈനിക വിമാനമായ സി-17 എയർക്രാഫ്റ്റിലാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. നാടുകടത്തിയ ആദ്യ ബാച്ചിലെ കൂടുതൽ ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ വിമാനത്തിൽ ഉണ്ടെന്നാണ് വിവരം. ഇവരെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ബന്ധുക്കളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങൾ കൗണ്ടറുകളിൽ ഉറപ്പാക്കും. യുഎസിൽ നിന്നെത്തുന്നവർക്കായി പ്രത്യേകം കൗണ്ടർ സജ്ജമാക്കിയ വിവരം പഞ്ചാബ് മുഖ്യമന്ത്രിയാണ് അറിയിച്ചത്.
അനധികൃതമായി കുടിയേറിയതിന് നാടുകടത്തിയ ആളുകൾ ആയതിനാൽ തന്നെ ഇവരുടെ കൈകൾ ബന്ധിപ്പിച്ച നിലയിലായിരിക്കാം കൊണ്ടുവരികയെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് പഞ്ചാബ് സർക്കാർ അറിയിച്ചിരിക്കുന്നത്. 205 പേരാണ് ആദ്യമെത്തുന്നത്. നാടുകടത്തിലിന്റെ ഒന്നാം ഘട്ടത്തിൽ ഏകദേശം മൂവായിരത്തോളം ആളുകളെയായിരിക്കും നാട്ടിൽ എത്തിക്കുക. മറ്റ് വിമാനങ്ങൾ വരും ദിവസങ്ങളിൽ വിവിധ വിമാനത്താവളങ്ങളിൽ എത്തും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.