ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്‌ത് ജർമനി. ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ ആണ് ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിച്ചത്.
യുഎസ് എച്ച്1ബി വിസ ഫീസ് ഉയർത്തിയതിന് പിന്നാലെയന് ജർമ്മൻ നയന്തന്ത്രജ്ഞന്റെ നീക്കം. സ്ഥിരതയാർന്ന കുടിയേറ്റ നയങ്ങൾകൊണ്ടും ഐടി, മാനേജ്മെന്റ്, സയൻസ്, ടെക് മേഖലകളിൽ ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങൾ കൊണ്ടും ജർമനി വേറിട്ടുനിൽക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേർമാൻ എക്‌സിൽ കുറിച്ചു.
“ജർമനിയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജർമനിയിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നവരിൽ ഇന്ത്യക്കാരുമുണ്ട്. ജർമനിയിൽ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരൻ ശരാശരി ജർമൻ തൊഴിലാളിയെക്കാൾ കൂടുതൽ വരുമാനം നേടുന്നു. നമ്മുടെ സമൂഹത്തിനും അതിൻ്റെ ക്ഷേമത്തിനും ഇന്ത്യക്കാർ വലിയ സംഭാവന നൽകുന്നു എന്നതാണ് ഈ ഉയർന്ന ശമ്പളം വാങ്ങുന്നതിന്റെ അർഥം. ഞങ്ങൾ കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് മികച്ച ജോലികൾ നൽകുന്നതിലും വിശ്വസിക്കുന്നു.
ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജർമൻ കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേർരേഖയിൽ പോകും. ഉയർന്ന വേഗത്തിൽ പോകുമ്പോൾ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഒരു രാത്രികൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിയമങ്ങൾ മാറ്റില്ല. ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമനിയിലേക്ക് സ്വാഗതംചെയ്യുന്നു”. അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Read more
ദിവസങ്ങൾക്ക് മുൻപാണ് എച്ച്1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയർത്തിയത്. നിലവിൽ യുഎസിലെ എച്ച്1 ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. യുഎസിലെ വൻകിട ടെക് കമ്പനികളിൽ ജോലിതേടുന്ന ഇന്ത്യക്കാരായ ടെക്കികളെയാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.







