ഇന്ത്യ-യു.കെ വിമാന സര്‍വീസ് ജനുവരി 8 മുതൽ പുനരാരംഭിക്കും

 

ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാന സര്‍വീസ് ജനുവരി 8 മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വെള്ളിയാഴ്ച അറിയിച്ചു. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് യു.കെയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാന സര്‍വീസ് കഴിഞ്ഞ മാസം നിർത്തിവെച്ചത്.

“ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാനങ്ങൾ 2021 ജനുവരി 8 മുതൽ പുനരാരംഭിക്കുമെന്ന് തീരുമാനിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രം പുറപ്പെടുന്ന ഇരു രാജ്യങ്ങളിലെയും വിമാനങ്ങൾക്കായി ജനുവരി 23 വരെ പ്രവർത്തനം ആഴ്ചയിൽ 15 ഫ്ലൈറ്റുകളായി പരിമിതപ്പെടുത്തും. @ഡി‌ജി‌സി‌എ ഇന്ത്യ ഉടൻ തന്നെ വിശദാംശങ്ങൾ നൽകും, ” ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ഡിസംബർ 23 മുതൽ ഡിസംബർ 31 വരെ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്രം ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച ഈ വിലക്ക് ജനുവരി 7 വരെ നീട്ടി.

സെപ്റ്റംബറിൽ ആദ്യമായി കണ്ടെത്തിയ, ഡിസംബറിൽ യു.കെ അധികൃതർ സ്ഥിരീകരിച്ചതുമായ ജനിതക മാറ്റം വന്ന പുതിയ കൊറോണ പഴയതിനെ അപേക്ഷിച്ച് കൂടുതൽ സാംക്രമിക ശേഷിയുള്ളതാണ്. പുതിയ കൊറോണ ബാധിച്ച നാല് പുതിയ കേസുകൾ വെള്ളിയാഴ്ച ഇന്ത്യയിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ജനിതകമാറ്റം വന്ന കോവിഡ് ബാധിച്ചവരുടെ എണ്ണം 29 ആയി.