സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; ഐഎംഎഫ് എഫ്എടിഎഫ് സഹായങ്ങൾ തടയാൻ നീക്കം

ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ തുടരുമ്പോൾ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേൽപ്പിക്കാൻ ഇന്ത്യ. സൈനിക നടപടിക്ക് പിന്നാലെയാണ് പാകിസ്താനെ സാമ്പത്തികമായും പ്രഹരമേൽപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ഐഎംഎഫ് എഫ്എടിഎഫ് സഹായങ്ങൾ പാകിസ്ഥാന് തടയാനാണ് ഇന്ത്യയുടെ നീക്കം.

ഐഎംഎഫിന് പുറമെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ ഗ്രേ ലിസ്റ്റിൽ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാകിസ്ഥാനിലേക്കുള്ള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും. കൂടാതെ അന്താരാഷ്ട്ര നാണയ നിധി നിന്ന് വായ്‌പ എടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെയും ഇന്ത്യ എതിർക്കും.

പാകിസ്‌താന് ഏകദേശം 10,000 കോടി രൂപയിലധികം വായ്‌പ നൽകുന്നത് അവലോകനം ചെയ്യാൻ ഇന്ന് ഐഎംഎഫ് ബോർഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുർബലമായ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ളതാണ് ഐഎംഎഫ് സാമ്പത്തിക സഹായം. ഇത്തരം സാമ്പത്തിക സഹായങ്ങൾ പാകിസ്‌താൻ്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

Read more