അഫ്​ഗാനിസ്ഥാനുമായുള്ള ചരിത്രപരമായ ബന്ധം തുടരും; താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായി വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അഫ്ഗാൻ വിഷയത്തിലുളള ഇന്ത്യയുടെ സമീപനത്തിലും അത് പ്രതിഫലിക്കും. താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും എസ്. ജയശങ്കർ വ്യക്തമാക്കി. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെ എത്തിക്കലാണ് പ്രഥമ ലക്ഷ്യമെന്നും സ്ഥിതി​ഗതികൾ വിലയിരുത്തി വരികയാണെന്നും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500 ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.

താജിക്കിസ്ഥാൻ വ്യോമത്താവളമായി ഉപയോഗിച്ചാണ് ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. വ്യോമസേനയുടെ മൂന്നു സി-17 യുദ്ധവിമാനങ്ങൾ അനുമതി കാത്ത് ഇവിടെയുണ്ട്. കാബൂളിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിന്‍റെ അനുമതി ലഭിച്ചാലുടൻ ഇന്ത്യൻ ഒഴിപ്പിക്കൽ തുടങ്ങും.

അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തി . ഇതുവരെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. 2021-ല്‍ മാത്രം അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതായിരുന്നു. അഫ്ഗാൻ നടപടി ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്ട്ട് ഓര്ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) സ്ഥിതികരിച്ചു. അഫ്ഗാൻ ഒഴിപ്പിയ്ക്കൽ വിലയിരുത്താൻ ഇന്നും ദേശിയ സുരക്ഷാ സമിതി വൈകിട്ട് ചേരും. നിലവിലുള്ള സാ‍ഹചര്യത്തിലെ പുരോഗതി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് യോഗത്തിൽ വ്യക്തമാക്കും.