'നോ സി.എ.എ, നോ എന്‍.ആര്‍.സി, നോ എന്‍.പി.ആര്‍'; ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പൗരത്വ നിയമത്തിനെതിരെ  പ്രതിഷേധം; മറുപടിയായി 'ജയ് മോദി' വിളികളും

പൗരത്വ നിയമത്തെ അനുകൂലുക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പ്രകടനവേദിയായി ഇന്ത്യ ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖെഡെ സ്റ്റേഡിയം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരത്തിന്റെ ഒന്നാംദിനത്തില്‍ “നോ സിഎഎ, നോ എന്‍ആര്‍സി, നോ എന്‍പിആര്‍” എന്നിങ്ങനെ എഴുതിവെച്ച ടീ ഷര്‍ട്ടുകളുമായി പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ വാംഖെഡെ സ്റ്റേഡിയത്തില്‍ അണിനിരന്നു.

അതേസമയം, പൊലീസ് സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി. വിദ്യാര്‍ത്ഥികളാണ് പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. ഇവരിലേക്ക് സ്റ്റേഡിയത്തിന്റെ മൊത്തം ശ്രദ്ധ പതിഞ്ഞതോടെ മോദി ഭക്തര്‍ എഴുന്നേറ്റു. ഇവരും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. ഇതോടെ അപകടസാദ്ധ്യത മുന്നില്‍ കണ്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാവലയം തീര്‍ത്തു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ ഈ പ്രതിഷേധ പ്രകടനത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മറ്റൊന്നും പാടില്ലെന്ന് അവര്‍ വാദിച്ചു. രാഷ്ട്രീയം പ്രകടിപ്പിക്കാന്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉപയോഗിച്ചുകൂടാ. എന്നാല്‍, തങ്ങള്‍ നിയമവിധേയമായ രീതിയില്‍ സമാധാനപരമായാണ് പ്രതിഷേധപ്രകടനം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍ കൂടുന്നയിടത്ത് വന്നു എന്നേയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

അതെസമയം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്. ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ ഇതിനകം സമീപിച്ചിട്ടുണ്ട്.