കേരളത്തിനൊപ്പം ഏപ്രില്‍ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ധ്രുവീകരണ രാഷ്ട്രീയവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നപക്ഷം ഏക സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്നും പിന്നെ ആര്‍ക്കും നാലുവിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ അസമിലെ ചായ്ഗാവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. നിലവില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മ്മയാണ് അസമിലെ മുഖ്യമന്ത്രി.
കോണ്‍ഗ്രസ് അസമിനെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൈമാറിയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തുന്ന അമിത് ഷാ കഴിഞ്ഞ കുറച്ചുകാലമായി ഉന്നയിക്കുന്ന ആരോപണമാണ് അസമിനെ കോണ്‍ഗ്രസ് ന്യൂനപക്ഷ നുഴഞ്ഞുകയറ്റക്കാര്‍ക്കായി തുറന്നുകൊടുത്തുവെന്ന്.
പ്രകൃതിയാല്‍ അനുഗ്രഹീതമാണ് അസമെന്നും എന്നാല്‍ കോണ്‍ഗ്രസ് അസമിനെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൈമാറി എന്നുമാണ് അമിത് ഷാ പറഞ്ഞത്. ഈ നുഴഞ്ഞുകയറ്റക്കാര്‍ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ കാസിരംഗ വനഭൂമി പോലും കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
Read more
അസം ബിജെപി ഭരിച്ച പത്തുവര്‍ഷത്തിനിടെ 1.5 ലക്ഷം ഏക്കര്‍ സ്ഥലം കയ്യേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിച്ചുവെന്ന അവകാശവാദവും അമിത് ഷാ നടത്തി. മൂന്നാംവട്ടവും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നപക്ഷം നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് തിരിച്ചയക്കുമെന്നും അമിത് ഷാ പറഞ്ഞു. അവരെ പുറത്താക്കാനുള്ള പ്രക്രിയയ്ക്കിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിങ്ങള്‍ ഹിമന്തയെ വീണ്ടും മുഖ്യമന്ത്രിയാക്കൂ, നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടുപിടിച്ച് പുറത്താക്കുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം.







