'മണിപ്പൂരില്‍ വാക്‌സിനേഷന്‍ 48 ശതമാനം മാത്രം', ബി.ജെപി സര്‍ക്കാരിന് എതിരെ ജയറാം രമേശ്

മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെ കേന്ദ്ര മന്ത്രിമാരെല്ലാം സംസ്ഥാനത്ത് വന്നു പോയി. എന്നാല്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം മാത്രം ഊര്‍ജ്ജിതമാക്കാന്‍ ശ്രമിച്ചില്ലെന്നാണ് ജയറാം രമേശ് കുറ്റപ്പെടുത്തിയത്.

മണിപ്പൂരിലെ ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 48 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണ്ണമായ വാക്‌സിനേഷന്‍ ലഭിച്ചിട്ടുള്ളു.

‘പ്രധാനമന്ത്രി വന്നു പോയി. ആഭ്യന്തര മന്ത്രി വന്നു പോയി. മറ്റു മന്ത്രിമാര്‍ വന്നു പോയി. എന്നിട്ടും, മണിപ്പൂരിലെ യോഗ്യരായ ജനസംഖ്യയുടെ 48% പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് കോവിഡ് -19 വാക്‌സിനും ലഭിച്ചത്. ഇതാണ് മണിപ്പൂരിലെ ജനങ്ങളെ പരാജയപ്പെടുത്തിയ ബി.ജെ.പി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യം’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മണിപ്പൂരില്‍ രണ്ട് ഘട്ടമായി ഫെബ്രുവരി 28 നും മാര്‍ച്ച് 5 നുമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.