ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയായി മാറും: മഹാരാഷ്ട്ര മന്ത്രി

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ക്രൂയിസ് കപ്പലിലെ ലഹരി മരുന്ന് വേട്ട കേസിൽ ബിജെപിയെ പരിഹസിച്ച്‌ മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ. ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ “ലഹരി മരുന്നുകൾ പഞ്ചസാരപ്പൊടിയായി മാറും” എന്ന് ശനിയാഴ്ച മന്ത്രി പറഞ്ഞു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻതോതിൽ ലഹരിമരുന്ന് ശേഖരം പിടികൂടിയിരുന്നു, എന്നാൽ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയായിരുന്നു, അദ്ദേഹം ആരോപിച്ചു.

“ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മരുന്നുകൾ പഞ്ചസാരപ്പൊടിയായി മാറും,” മുതിർന്ന എൻസിപി നേതാവ് പരിഹസിച്ചു.

മഹാരാഷ്ട്ര സർക്കാർ ഒബിസി ക്വാട്ടയിൽ ഓർഡിനൻസ് പാസാക്കിയിട്ടുണ്ടെന്നും എന്നാൽ ഒരു ബിജെപി പ്രവർത്തകൻ കോടതിയിൽ അതിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും സമത പരിഷത്ത്-എൻസിപി ചടങ്ങിൽ സംസാരിക്കവെ ഭുജ്ബൽ പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിന് ബിജെപി എതിരാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.