ഇന്ത്യന്‍ സൈന്യത്തിന് ആദരവുമായി ബി.ജെ.പി, എം.എല്‍.എ പുറത്തിറക്കിയത് പാക് സൈനിക ഗാനം; വിവാദം

ഇന്ത്യന്‍ സൈന്യത്തിന് ആദരവുമായി ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയത് പാക് സൈനിക ഗാനമെന്ന് ആരോപണം. ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിങ്ങാണ് ലോധ സംഭവത്തെ തുടര്‍ന്ന് വിവാദത്തിലായിരിക്കുന്നത് രാമനവമി പ്രമാണിച്ചാണ് തെലങ്കാന നിയമസഭയില്‍ ഗോഷമഹല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന താക്കൂര്‍ രാജ സിങ് ലോധ ഗാനം പുറത്തിറക്കിയത്.

പാട്ട് പുറത്തിറക്കിയതിന് പിന്നാലെ പാക്ക് സൈന്യം ഇത് തങ്ങളുടെ ഗാനത്തിന്റെ പകര്‍പ്പാണെന്ന് അവകാശപ്പെട്ട് രംഗത്ത് വരികയായിരുന്നു. ട്വിറ്ററിലൂടെയാണ് താക്കൂര്‍ രാജ സിങ്ങ് ലോധ കഴിഞ്ഞ ശനിയാഴ്ച്ച പാട്ട് പുറത്തിറക്കിയത്. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറാണ് ഈ ഗാനം തങ്ങളുടെ പാട്ടിന്റെ കോപ്പിയാണെന്ന് അവകാശപ്പെട്ടത്.

മാര്‍ച്ച് 23ന് പാക്കിസ്ഥാന്‍ ദിനത്തിന് സൈന്യം പുറത്തിറക്കിയ ഗാനത്തിന്റെ കോപ്പിയാണ് ഈ ഗാനമെന്നാണ് പാക്ക് സൈനിക വക്താവ് അവകാശപ്പെടുന്നത്. ഈ ഗാനം രചിച്ചത് സഹീര്‍ അലി ബാഗയാണെന്നും പാക്കിസ്ഥാന്‍ പറയുന്നു.

താന്‍ പാട്ട് ഒന്നും കോപ്പിയിടിച്ചിട്ടില്ല. തീവ്രവാദ രാഷ്ട്രത്തില്‍ ഗായകരുണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നതായി എംഎല്‍എ ട്വീറ്ററിലൂടെ പ്രതികരിച്ചു.